വീസ, റസിഡന്റ് പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചവർക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത് 8,227 പേർ.ആനുകൂല്യത്തിനായി ലഭിച്ച 28,476 അപേക്ഷകളിൽ നിയമാനുസൃതമായി രാജ്യത്ത് തുടരാൻ അനുമതി ലഭിച്ചത് 6,000 പേർ.പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികൾക്കും കമ്പനികൾക്കും ലീഗൽ സ്റ്റാറ്റസ് ശരിയാക്കാൻ 2021 ഒക്ടോബർ 10 മുതൽ അനുവദിച്ച ഇളവ് കാലാവധി മാർച്ച് 31 ന് അവസാനിക്കും. സെറ്റിൽമെന്റ് തുകയിൽ കമ്പനികൾക്കും വ്യക്തികൾക്കും 50 ശതമാനം ഇളവും ലഭിക്കും . എല്ലാ കേസുകളിലും 18 വയസ്സിൽ താഴെയുള്ള, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മടങ്ങിയെത്താൻ നിയമപരമായ വിലക്കുകൾ ഉണ്ടാകില്ല.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ സൽവ റോഡിലുള്ള സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കണം.നിലവിലെ തൊഴിലുടമയുടെ കീഴിൽ റസിഡൻസി പെർമിറ്റ് പുതുക്കാനുള്ള ഒത്തുതീർപ്പ് അപേക്ഷകൾ അൽഖോർ, അൽ ഷമാൽ, അൽ ദായീൻ, ഉം സലാൽ, പേൾ ഖത്തർ, ഒനൈസ, സൂഖ് വാഖിഫ്, അൽ റയാൻ, ഉം സനീം, ഷഹാനിയ, മിസൈമീർ, വക്ര, ദുഖാൻ എന്നിവിടങ്ങളിലെ ഏകീകൃത സേവന കേന്ദ്രങ്ങളിൽ വേണം സമർപ്പിക്കാൻ .
ലംഘനങ്ങൾ ഒത്തുതീർപ്പാക്കി മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനാണെങ്കിൽ ഉം സലാൽ, അൽ റയാൻ, മിസൈമീർ, വക്ര, ഉം സനീം എന്നീ കേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിലും ഏകീകൃത സേവന കേന്ദ്രങ്ങളിലും ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 1.00 മുതൽ വൈകിട്ട് 6.00 വരെ സമീപിക്കാം.