Milkha-Singh

REMEMBERING MILKHA SINGH

‘അവസരങ്ങൾ ഒരുക്കിത്തരുന്നത് ഈശ്വരനാണ്, കഠിനാധ്വാനം ചെയ്തും ശരിയായ തീരുമാനങ്ങളെടുത്തും ആ അവസരങ്ങൾ മുതലാക്കുന്നവർക്കാണു വിജയം.’ ഇത് ഇന്ത്യയുടെ പറക്കും സിങ് മിൽഖ സിംഗിന്റെ വാക്കുക്കളാണ്. 1956ലെ മെൽബൺ ഒളിംപിക്സിൽ 400 മീറ്ററിൽ ആദ്യ റൗണ്ടിൽ പുറത്തായതാണ് കായിക ജീവിതത്തിൽ തനിക്കേറ്റവും പ്രചോദനം പകർന്ന അനുഭവമെന്ന് മിൽഖ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഇന്ത്യാ വിഭജനത്തിനു മുൻപ് ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഗോവിന്ദപുര (ഫൈസലാബാദ്) എന്ന ഗ്രാമത്തിലാണ് മിൽഖാ ജനിച്ചത്. ഇപ്പോൾ ഈ പ്രദേശം പാകിസ്താനിലെ മുസ്സാഫിർഗാർ എന്ന ജില്ലയിലാണ്. വിഭജനത്തിന്റെ വേദനകൾ അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു മിൽഖയുടേത്. വിഭജനത്തെത്തുടർന്നുണ്ടായ കലാപത്തിൽ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു.

ഡൽഹിയിലെത്തിയ മിൽഖാ കരസേനയിൽ അംഗമാകാൻ പലതവണ ശ്രമിച്ചു. ശാരീരിക ക്ഷമതയില്ല എന്ന കാരണത്താൽ മൂന്നു പ്രാവശ്യം തിരിച്ചയക്കപ്പെട്ടു. ഒടുവിൽ കരസേനാംഗമായിരുന്ന ജ്യേഷ്ഠൻ മഖൻ സിംഗിന്റെ ശുപാർശയിൽ സേനയുടെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ 1952ൽ പ്രവേശനം ലഭിച്ചു. സൈന്യത്തിൽ ചേർന്ന ശേഷമാണു ജീവിതത്തിലാദ്യമായി മിൽഖാ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്. സേനയിലെ ആദ്യ കാലങ്ങളിൽ ഇതര ജവാന്മാരോടൊപ്പം ക്രോസ്‌കൺ‌ട്രിയിൽ പങ്കെടുത്ത താൻ, പകുതിദൂരം പിന്നിട്ടപ്പോഴേക്കും പിന്മാറിയ കാര്യം മിൽഖാ പിന്നീട് പലയവസരത്തിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മിൽഖായിലെ കായികതാരത്തെ കണ്ടെത്തിയ ഹവിൽദാർ ഗുരുദേവ് സിംഗ് എന്ന പരിശീലകൻ അദ്ദേഹത്തെ നിരന്തര വ്യായാമത്തിനും പരിശീലനത്തിലും പ്രേരിപ്പിച്ചു. മലനിരകളിലും യമുനാ നദീതീരത്തും ഓടാൻ പരിശീലിച്ച മിൽഖാ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സമ്പൂർണ്ണ അത്‌ലറ്റായി രൂപാന്തരം പ്രാപിച്ചു. മീറ്റർ ഗേജ് തീവണ്ടിക്കൊപ്പമുള്ള ഓട്ടം, മലനിരകൾ ഓടിക്കയറ്റം എന്നിങ്ങനെ കഠിന പരിശീലനമുറകളാണു തന്റെ കായികജീവിതത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

1962-ൽ പാകിസ്താനിൽ അരങ്ങേറിയ ഒരു മത്സരത്തിനുശേഷമാണു മിൽഖാ സിംഗിനു പറക്കും സിഖ് എന്ന അപരനാമം ലഭിച്ചതെന്നു കരുതപ്പെടുന്നു. 200 മീറ്റർ ഓട്ടത്തിൽ ഏഷ്യയിലെ മികച്ച താരമായിരുന്ന അബ്ദുൽ ഖലീഖ് ആയിരുന്നു മിൽഖായുടെ പ്രതിയോഗി. ലാഹോറിൽ അരങ്ങേറിയ ഈ മത്സരത്തിൽ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും സന്നിഹിതനായിരുന്നു. ആവേശകരമായ പോരാട്ടത്തിൽ മിൽഖാ ഖലീഖിനെ കീഴടക്കി. സിംഗിന്റെ പ്രകടനം കണ്ട് അയൂബ് ഖാനാണത്രേ ആദ്യമായി അദ്ദേഹത്തെ പറക്കും സിഖ് എന്നു വിശേഷിപ്പിച്ചത്.