RADIO SUNO CELEBRATED ‘SUNO PONNONAM’ IN MASS AND CLASS STYLE
പ്രവാസി മലയാളികളെ വിസ്മയിപ്പിച്ച് സുനോ പൊന്നോണം
ദോഹ: രണ്ടു ദിവസം നീണ്ട ഓണാഘോഷ പരിപാടികളുമായാണ് ‘സുനോ പൊന്നോണം’ റേഡിയോ സുനോ 91 .7 എഫ്. എം ആഘോഷിച്ചത്. ഓൺ – എയറിൽ ഓണത്തല്ല് മത്സരത്തോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം. രമണൻ @ 60 എന്ന പേരിൽ സെപ്റ്റംബർ 12 നു സഫാരി മാളിൽ ഹാസ്യ താരം ഹരിശ്രീ അശോകൻ എത്തിയ പരിപാടി സംഘടിപ്പിച്ചു. ഹരിശ്രീ അശോകന്റെ പിറന്നാൾ ആഘോഷങ്ങളും ഓണാഘോഷങ്ങളും സഫാരിയിൽ നടന്നു. സെപ്റ്റംബർ 13 –നു ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂൾ അൽ വുക്കൈയ്റിൽ ഒരു ദിവസം മുഴുവൻ നടത്തിയ ആഘോഷ പരിപാടികളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മഞ്ഞപ്പട ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരത്തിൽ 8 പ്രമുഖ ടീമുകൾ മാറ്റുരച്ചു. ടീം തിരൂർ റേഡിയോ സുനോ കപ്പ് സ്വന്തമാക്കി. കലാ കൈരളി ഒരുക്കിയ മാർഗം കളി, ഒപ്പന, തിരുവാതിര തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. കനൽ ഖത്തർ അവതരിപ്പിക്കുന്ന നാടൻ പാട്ടും, ചെണ്ട മേളവും കാണികളിൽ ആവേശം നിറച്ചു. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ താരം ഹരിശ്രീ അശോകനൊപ്പം റേഡിയോ സുനോ മാനേജിങ് ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ , ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ , കെഎംഎംസി പ്രസിഡന്റ് സാം ബഷീർ , റേഡിയോ സുനോ സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി , പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂൾ പ്രസിഡന്റ് ഹസ്സൻ ചോഗ്ലെ , സംസ്‌കൃതി പ്രസിഡന്റ് സുനിൽ , ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല , സമന്വയം പ്രസിഡന്റ് ശ്രീദേവി അനന്തകൃഷ്ണൻ തുടങ്ങി ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു .