QATAR ANNOUNCES NEW COVID PRECAUTIONARY MEASURES FROM SATURDAY

Covid 19

ദോഹ. ഖത്തറില്‍ ജനുവരി 8 മുതല്‍ കൂടുതല്‍ COVID നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും. അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രധാന നിയന്ത്രണങ്ങൾ

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജീവനക്കാരും ഓഫിസിലെത്തി ജോലി ചെയ്യണം.
ഓഫീസ് യോഗങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം.

വാക്സിനെടുക്കാത്ത പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന തുടരും. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് മുക്തര്‍ക്കും പരിശോധന വേണ്ട.

പള്ളികളില്‍ പ്രതിദിന പ്രാര്‍ത്ഥനകളും വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും തുടരും. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരില്‍ കൂടാന്‍ പാടില്ല. ബസുകളില്‍ 60 ശതമാനം ശേഷിയിലേ പ്രവര്‍ത്തനം പാടുള്ളു. യാത്രക്കാര്‍ കോവിഡ് മുന്‍കരുതലും പാലിക്കണം.

സിനിമ തീയേറ്ററുകളില്‍ പ്രവര്‍ത്തന ശേഷി 50 ശതമാനമാക്കി. കാണികളില്‍ മുഴുവന്‍ പേരും കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും എടുത്തവരാകണം.

ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്ററന്റുകള്‍ക്ക് ഇന്‍ഡോറില്‍ 50 ശതമാനവും ഔട്ട്ഡോറില്‍ 75 ശതമാനം ശേഷിയിലും തുറക്കാം. മറ്റുളളവയ്ക്ക് ഔട്ട്ഡോറില്‍ 40 ശതമാനവും ഇന്‍ഡോറില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. കുടുംബങ്ങള്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളു. എല്ലാ ഉപഭോക്താക്കളും ജീവനക്കാരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.

ക്ലീനിങ്, ആതിഥേയ മേഖലയിലുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തന സമയങ്ങളില്‍ പൂര്‍ണതോതില്‍ സേവനം നല്‍കാം. എന്നാല്‍ വാക്‌സീന്‍ എടുത്ത ജീവനക്കാരെ മാത്രമേ ജോലി ഏല്‍പ്പിക്കാന്‍ പാടുള്ളു. വീടുകളില്‍ സേവനം നല്‍കുമ്പോഴും വാക്‌സിനെടുത്ത ജീവനക്കാരെ വേണം നിയോഗിക്കാന്‍.

RELATED : MINISTRY OF INTERIOR VIGILANT IN ITS FIGHT AGAINST COVID 19

MORE FROM RADIO SUNO