ഖത്തറിനൊപ്പം പന്ത് തട്ടാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. ആകാംഷയോടെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ആ വാർത്തയും എത്തിക്കഴിഞ്ഞു പോർച്ചുഗലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഖത്തറിൽ പറന്നിറങ്ങും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ വീഴ്ത്തിയാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്.പ്ലേഓഫ് സെമിയിൽ ഇറ്റലിയുടെ കണ്ണീർ വീഴ്ത്തിയ നോർത്ത് മാസിഡോണിയയെ, ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ഇരട്ടഗോൾ നേടി. 32, 65 മിനിറ്റുകളിലാണ് വിജയ ഗോളുകൾ പിറന്നത് .
പോളണ്ട്
പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ സ്വീഡനെ വീഴ്ത്തി റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ടും ഖത്തർ ലോകകപ്പിൽ കരുത്തരാകും. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോളണ്ട് സ്വീഡനെ വീഴ്ത്തിയത്. ലെവൻഡോവ്സ്കി (49, പെനൽറ്റി), പീറ്റർ സീലിൻസ്കി (72) എന്നിവരാണ് പോളണ്ടിനായി ലക്ഷ്യം കണ്ടത്.
സെനഗൽ, ഘാന, തുണീസിയ, മൊറോക്കോ, കാമറൂൺ
ആഫ്രിക്കൻ വമ്പന്മാരുടെ സാന്നിധ്യം ഖത്തർ ലോകകപ്പിന് കൂടുതൽ ശക്തി പകരും . സാദിയോ മാനെയെന്ന സൂപ്പർ താരത്തിന്റെ തകർപ്പൻ പിന്തുണയോടെയാണ് സെനഗലിന്റെ വരവ് .
ആഫ്രിക്കയിൽനിന്ന് പുതിയ റെക്കോർഡ് കുറിച്ച് എട്ടാം തവണയാണ് കാമറൂൺ ലോകകപ്പിന് യോഗ്യത നേടുന്നത്.
രണ്ടാം പാദ പ്ലേഓഫിൽ മാലിയെ സ്വന്തം തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ കുരുക്കിയ ടുണീഷ്യ , ആദ്യ പാദത്തിൽ നേടിയ 1–0 വിജയത്തിന്റെ ബലത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്.
രണ്ടാം പാദത്തിൽ 4–1ന്റെ വിജയം നേടിയ മൊറോക്കോ, ഇരുപാദങ്ങളിലുമായി കോംഗോയെ 5–2ന് വീഴ്ത്തിയാണ് യോഗ്യത നേടിയത്.
നൈജീരിയയെ തോൽപ്പിച്ചാണ് ഘാന ലോകകപ്പിന് എത്തുന്നത്.