SHOP QATAR 2021
ഖത്തറിലെ ഏറ്റവും വലിയ റീട്ടെയില്‍, വിനോദ മേളയായ ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ അഞ്ചാംപതിപ്പ് ഈ മാസം പത്തിന് തുടങ്ങും.
ഒരു മാസം നീളുന്ന മേള ‘ഒരു ഉത്സവം- എണ്ണമറ്റ അനുഭവങ്ങള്‍’ എന്ന പ്രമേയത്തിലാണ് ഒക്‌ടോബര്‍ 10 വരെ നടക്കുക . പതിനെട്ട് മാസത്തിനിടെ ഖത്തറില്‍ നടക്കുന്ന ഏറ്റവും സുപ്രധാനമേളയാണിത്. ദോഹയുടെ വിവിധ ഭാഗങ്ങളിലായി 15 സ്ഥലങ്ങളിലായാണ് മേള നടക്കുക. ഇത്തവണ ഹമദ് വിമാനത്താവളത്തിലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീയും ഷോപ്പ് ഫെസ്റ്റിവലില്‍ പങ്കാളികളാണെന്നതിനാല്‍ മേളക്ക് രാജ്യാന്തര മാനം ലഭിക്കും. ഖത്തര്‍ ടൂറിസമാണ് ഷോപ്പ് ഖത്തറിന് ചുക്കാന്‍ പിടിക്കുന്നത്. ക്യാഷ്പ്രൈസും കാറുകളും ഉള്‍പ്പടെ 40ലക്ഷം റിയാലില്‍ അധികം മൂല്യമുള്ള നൂറിലധികം സമ്മാനങ്ങളാണ് മേളയുടെ ആകര്‍ഷണം. ഖത്തര്‍ യുഎസ്-സാംസ്‌കാരിക വര്‍ഷാഘോഷത്തോടനുബന്ധിച്ചുള്ള ഫാഷന്‍ ഷോകളും അരങ്ങേറും.
ഷോപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന മാളുകളില്‍നിന്നും 200 റിയാലിന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് മുഖേനയും റാഫിള്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഹയാത്ത് പ്ലാസ, ലഗൂണ മാള്‍, മാള്‍ ഓഫ് ഖത്തര്‍ എന്നിവിടങ്ങളിലായി നാലു വാരാന്ത്യ റാഫിള്‍ ഡ്രോയിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക.