ഇന്ന് റിപ്പബ്ലിക്ക് ദിനം
ഇന്ന് ഭാരതം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരുന്നു രാജ്‌പഥിൽ അരങ്ങേറിയ പരേഡ്.പ്രവാസി മലയാളികളും ഈ ദിനം ഏറെ ആഘോഷങ്ങളോടെയാണ് വരവേൽക്കുന്നത് . ഖത്തറിൽ റിപ്പബ്ലിക് ദിന പരിപാടികൾക്ക് നേതൃത്വം നൽകിയത് ഇന്ത്യൻ എംബസിയാണ് .
ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് അംബാസഡർ പി.കുമരൻ ദേശീയ പതാക ഉയർത്തി .ദോഹയിലെ സാംസ്‌കാരിക, സാമൂഹിക രംഗത്തെ ഇന്ത്യക്കാരായ പ്രമുഖ വ്യക്തികൾ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ പ്രവാസി സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു .വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനം ആലപിച്ചു .രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിലും രാവിലെ ദേശീയ പതാക ഉയർത്തി .വിദ്യാർഥികളുടെ റിപ്പബ്ലിക് ദിന പരേഡും നടന്നു ഇന്ത്യയുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന കലാകായിക പരിപരിപാടികളും അരങ്ങേറി .
ഖത്തറിന്റെ വികസനത്തിൽ മികച്ച സംഭാവന നൽകി ഇന്ത്യയുടെ പ്രശസ്തി നിലനിർത്തുന്നതിൽ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും ഈ ദിനത്തിൽ അംബാസിഡർ അഭിനന്ദനം അറിയിച്ചു.ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്കും മറ്റ് രാജകുടുംബാംഗങ്ങൾക്കും ഖത്തർ സർക്കാരിനുമുള്ള നന്ദി രേഖപ്പെടുത്തുന്നതാണ് ഇന്ത്യൻ അംബാസഡറുടെ റിപ്പബ്ലിക് ദിന സന്ദേശം.