ICE CREAM DAY 2020
ഇന്ന് ഐസ് ക്രീം ദിനം
ചെറുപ്പത്തിൽ ഏറ്റവും വാശി പിടിച്ചു കരഞ്ഞിരുന്നത് ഒരുപക്ഷെ ഐസ് ക്രീം വാങ്ങി തരാൻ ആയിരിക്കുമല്ലേ . ഐസ് ക്രീം ദിനത്തിൽ അറിയാം മധുരമുള്ള ആ വിശേഷങ്ങൾ…
ലോകത്തു വച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ. വാനിലയാണ് ഐസ്‌ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി. ഐസ്‌ക്രീമുകൾ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഞായറാഴ്ചകളിലാണ്.
ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. കുൾഫി എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്.
ആധുനിക ഫ്രീസറുകളുടെ കണ്ടുപിടിത്തത്തിനു മുൻപ്, ഐസ്‌ക്രീം ഒരു ആർഭാടമായിരുന്നു. അതു് ഉണ്ടാക്കുന്നത് അദ്ധ്വാനമേറിയ പണിയായിരുന്നു. തണുപ്പുകാലത്ത് തടാകങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും വെട്ടിയെടുത്ത ഐസ് ഭൂമിക്കടിയിൽ തുരങ്കങ്ങളിലോ മരപ്പെട്ടികളിലോ ഇഷ്ടികകൊണ്ടുണ്ടാക്കിയ ഐസ് ഹൌ സുകളിലൊ വയ്ക്കോലിൽ പൊതിഞ്ഞാണ് ചൂടുകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൻ എന്നിവരും ഐസ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്രെ.
ഉപ്പും ഐസും ചേർത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തിനുള്ളിൽ വയ്ക്കുന്ന പാത്രത്തിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിനെ പോട്ട്-ഫ്രീസർ രീതി എന്നാണ് പറഞ്ഞുവന്നിരുന്നത്. ഐസിൽ ഉപ്പു ചേർത്താൽ ഐസിന്റെ ഫ്രീസിങ്ങ് പോയന്റ് താഴുകയും ചെയ്യുമ്പോൾ ഐസ്‌ക്രീം എളുപ്പത്തിൽ ഉണ്ടാക്കാം.
ബാൾട്ടിമോറിലെ ജേക്കബ് ഫസൽ വൻതോതിൽ ഐസ്‌ക്രീം ഉണ്ടാക്കിതുടങ്ങിയ ആദ്യവ്യക്തി. പെനിൻസിൽവാനിയയിലെ യോർക്കിൽ നിന്നു പാലുൽപ്പന്നങ്ങൾ വാങ്ങി, ബാൾട്ടിമോറിൽ എത്തിച്ചു വിൽക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ചിലപ്പോൾ ആവശ്യക്കാർ കുറയുമ്പോൾ ക്രീം കുറെ ബാക്കിയായിരുന്നു. അതിനെ അദ്ദേഹം ഐസ്‌ക്രീമാക്കി വിറ്റു തുടങ്ങി. ആദ്യത്തെ ഐസ്ക്രീം ഫാക്ടറി അദ്ദേഹം1851ൽ പെനിൻസിൽവാനിയയിലെ സെവൻ ഹിൽസിലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ബാൾട്ടിമോറിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് അനേകം ഫാക്ടറികൾ തുടങ്ങുകയും മറ്റുള്ളവരെ ഈ വിദ്യ പഠിപ്പിക്കുകയും ചെയ്തു. വൻ തോതിലുള്ള ഉത്പാദനം ഐസ്‌ക്രീമിന്റെ പ്രചാരം കൂട്ടുകയും വിലകുറയ്ക്കുകയും ചെയ്തു.
1870ൽ ജർമ്മൻ എൻജിനിയറായിരുന്ന കാൾ വോൺ ലിന്റെയുടെ വ്യാവസായിക റെഫ്രിജറേഷന്റെ കണ്ടുപിടിത്തം സ്വാഭാവിക ഐസ് വെട്ടിയെടുത്ത് കാലങ്ങളോളം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി. 1926ൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഫ്രീസറിന്റെ വരവും കൂടിയായതോടെ ഐസ്ക്രീമിന്റെ വൻതോതിലുള്ള വ്യാവസായിക ഉത്പാദനം എളുപ്പമാക്കുകയും ആധുനിക ഐസ്‌ക്രീം വ്യവസായത്തിന്റെ തുടക്കം കുറിക്കുകയും ചെയ്തു