വേനൽക്കാലത്ത് കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ വളരെ വേഗം ഉയരും. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (HIPP) മുന്നറിയിപ്പ് നൽകുന്നത്, മിതമായ ചൂടുള്ള ദിവസങ്ങളിൽ പോലും കാറിനുള്ളിലെ താപനില ഏതാനും മിനിറ്റുകൾക്കുള്ളിൽ അപകടകരമായ നിലയിലേക്ക് എത്തുമെന്നാണ്. ഇത് കുട്ടികളിൽ ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ബോധക്ഷയം, ഉയർന്ന പനി, അല്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാവുന്നത്, കാരണം അവരുടെ ശരീരം മുതിർന്നവരെക്കാൾ വേഗത്തിൽ ചൂട് ആഗിരണം ചെയ്യും.

യാദൃച്ഛികമായ അപകടങ്ങൾ ഒഴിവാക്കാൻ
പലപ്പോഴും കുട്ടികൾ യാദൃച്ഛികമായി കാറിനുള്ളിൽ കുടുങ്ങിപ്പോകാം. രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ അവർ കാറിൽ കയറി വാതിൽ അടയ്ക്കുകയോ, അല്ലെങ്കിൽ കാറിൽ ഉറങ്ങിപ്പോകുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാം. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം ചില പ്രധാന നിർദേശങ്ങൾ നൽകിയിട്ടുണ്ട്:
എപ്പോഴും ലോക്ക് ചെയ്യുക: വീടിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്യുമ്പോൾ പോലും എല്ലാ ഡോറുകളും ലോക്ക് ചെയ്യണം. കുട്ടികൾ അറിയാതെ കാറിനുള്ളിൽ പ്രവേശിക്കുന്നത് ഇത് തടയും.
താക്കോൽ കൈകാര്യം ചെയ്യുമ്പോൾ: കാറിന്റെ താക്കോൽ കുട്ടികളുടെ കയ്യിൽ കൊടുക്കാതെയും അവർക്ക് എടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സൂക്ഷിച്ചും ശ്രദ്ധിക്കുക.
ചൈൽഡ് സേഫ്റ്റി ലോക്ക്: കാർ ഡോറുകളിലെ “ചൈൽഡ് സേഫ്റ്റി ലോക്ക്” എപ്പോഴും ആക്ടിവേറ്റ് ചെയ്യുക. കാറിനുള്ളിൽ ഇരിക്കുമ്പോൾ ലോക്കുകളോ കൺട്രോൾ ബട്ടണുകളോ സ്പർശിക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.
കാറിന് പുറത്തിറങ്ങുമ്പോൾ: കാറിന് പുറത്തിറങ്ങുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും, പ്രത്യേകിച്ച് കുട്ടികളെ, ശ്രദ്ധിച്ച് പരിശോധിക്കുക. കുട്ടികൾ ചിലപ്പോൾ ഉറങ്ങിപ്പോകുകയോ നിശ്ശബ്ദമായി ഇരിക്കുകയോ ചെയ്യാം. ഇത് ഒഴിവാക്കാൻ മൊബൈൽ ഫോൺ, പേഴ്സ് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പിൻസീറ്റിലെ കുട്ടിയുടെ അടുത്തുവെക്കുക.
അടിയന്തര സാഹചര്യം: കുട്ടിക്ക് അമിതമായ വിയർപ്പ്, നിർജലീകരണം, പരിഭ്രാന്തി എന്നിവ അനുഭവപ്പെട്ടാൽ, ഉടൻ തന്നെ തണുത്ത സ്ഥലത്തേക്ക് മാറ്റുകയും, വൈദ്യസഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കുകയും ചെയ്യണം.
ഈ നിർദേശങ്ങൾ പാലിക്കുന്നത് വഴി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും, പൊതുജനങ്ങൾക്ക് ഈ വിഷയത്തിൽ കൂടുതൽ അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.