ബാല്യമെ നീ തിരിച്ചുവരൂ !!

ബാല്യമെ നീ തിരിച്ചുവരൂ !!

ഇന്നലെ സ്വപ്നത്തിൽ കടലാസുതോണിയിലേറി ഞാനെന്റെ ബാല്യത്തിലേക്ക്‌ പോയി. മഴ പെയ്യുന്നുണ്ടായിരുന്നു. അഴയിൽ കരിമ്പന കുത്തി അറ്റം പിന്നിപ്പോയൊരു തോർത്തുണ്ട്‌. ഉടുപ്പൂരിയെറിഞ്ഞ്‌ തോർത്തുടുത്ത്‌ മുറ്റത്തേക്കിറങ്ങി. മഴയിൽ കുളിച്ചിട്ടുണ്ടോ? ചെളിവെള്ളത്തിൽ കിടന്നുരുണ്ട്‌ നീന്തുമ്പോൾ കോലായിത്തിണ്ണയിലിരുന്ന് ഏട്ടൻ പൊട്ടിച്ചിരിച്ചു. ഒടുക്കം തണുത്ത്‌ വിറച്ച്‌ കോലായിലേക്ക്‌ കയറിയപ്പോൾ ഉമ്മ കയ്യോടെ പിടിച്ച്‌ പിന്നാമ്പുറത്തേക്ക്‌ നടത്തിച്ചു. ഒരു പാട്ട വെള്ളം തലയിലൊഴിച്ച്‌ സാരിത്തലപ്പു കൊണ്ട്‌ തല തോർത്തി.

കുപ്പായം മാറ്റി അരിമണി വറുത്തിട്ട ചായയും കുടിച്ച്‌ ഉമ്മറത്തിരുന്ന് തുമ്മിയപ്പോൾ ഉമ്മ അടുക്കളയിലിരുന്ന് എന്തോ പറഞ്ഞു. വഴക്കാവും. പറമ്പിലെവിടെയോ ഈയ്യാം പാറ്റകൾ പൊടിഞ്ഞിട്ടുണ്ട്‌. വിളക്കിനു ചുറ്റും വന്ന് അവ നൃത്തം വെയ്ക്കുന്നു. ഒരു പാത്രത്തിൽ വെള്ളമെടുത്ത്‌ ഉമ്മ വിളക്കിനടുത്ത്‌ വെച്ചു. പാറ്റകൾ ഓരോന്നായി പാത്രത്തിലേക്ക്‌ വീണ് ബോട്ടുകണക്ക്‌ നീന്തിനടന്നു. തുറന്നുവെച്ച പുസ്തകത്തിൽ ഒരു കൊതുക്‌ വന്നിരുന്നത്‌ അപ്പോഴാണ് ശ്രദ്ധിച്ചത്‌. വിരലുകൾ പമ്മിച്ചെന്ന് കൊതുകിനെ ജീവനോടെ പിടിച്ചു.
“ഇജ്ജ്‌ പട്ക്ക്യല്ല ലെ?”
ആ ഇത്തിരിവെട്ടത്തിനരികിലിരുന്ന് ഖുറാനോതുന്നതിനടിയിൽ ഉമ്മ കെറുവിച്ചു.

കൊതുകിനെ ഉപദേശിച്ച്‌ വിട്ട്‌ ഞാൻ വായിച്ചുതുടങ്ങി. “തെന്നാലിരാമൻ”
പതുക്കെ വായിക്കാൻ പറഞ്ഞ്‌ ഏട്ടൻ കണ്ണുരുട്ടി.
“മനസ്സിൽ വായിച്ചാ നല്ലോം ഓർമ്മയുണ്ടാവും”
ഉമ്മ ഉപദേശിച്ചു. ഭാഗ്യം. വെറുതേ പുസ്തകത്തിൽ നോക്കിയിരുന്നു. താഴത്ത്‌ ചാലിയാപാടത്ത്‌ നിന്നും തവളകൾ കൂട്ടത്തോടെ നിലവിളിക്കുന്നുണ്ട്‌. ഒരു മധുരസംഗീതം പോലെ.

ഉറക്കം വന്ന് കണ്ണുകൾ പാതിയടഞ്ഞ്‌ തല കുനിഞ്ഞുകുനിഞ്ഞു പോകുന്നു.
“എട ചെക്കാ അന്റെ മുട്യതാ കര്യണ്”
നോക്കിയപ്പൊ മുന്നിലെ എട്ടുപത്തു മുടികൾ നല്ലോണം കരിഞ്ഞു മണക്കുന്നുണ്ട്‌. നല്ല മണം.
വാതിലിലാരോ മുട്ടി.
“സൈനോ…”
ഉപ്പയാണ്. ഉമ്മ ഖുറാൻ അടച്ചുവെച്ച്‌ വാതിലിനരികിലേക്ക്‌ നടന്നു. പുറകിൽ ഞാനും. കൊണ്ടുവന്ന പൊതിയെടുത്ത്‌ എന്റെ കയ്യിൽ തന്ന് ഉപ്പയെന്നെ മുകളിലേക്കുയർത്തി. പൊതി തുറന്നു. ബസ്സുമുഠായി! ബസ്സിന്റെ ഷെയിപ്പിലുള്ള ഒരു മുഠായിയാണ്. ഒരു കഷ്ണം ഏട്ടനും കൊടുത്തു.

ഉപ്പയും ഞാനും ഉമ്മറത്തിരുന്ന് വർത്താനം പറഞ്ഞു. മഴപെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസത്തെ മുഴുവൻ വിശേഷങ്ങളും പറഞ്ഞുമുഴുമിക്കും മുമ്പ്‌ ഞാൻ ഉറങ്ങിപ്പോയി. ഉണർന്നപ്പൊ…
“എന്തൊരു കൂർക്കം വലിയായിരുന്നു”
റൂം മേറ്റ്‌ കുറ്റപ്പെടുത്തി. ഞാൻ ആലസ്യത്തോടെ ബാത്രൂമിലേക്ക്‌ നടന്നു. കണ്ണാടിയിൽ സൂക്ഷിച്ച്‌ നോക്കി. മീശയിൽ ഒരു രോമം നരച്ചിരിക്കുന്നല്ലോ! വീണ്ടും സൂക്ഷിച്ച്‌ നോക്കി. മീശയ്ക്കും താടിക്കുമുള്ളിൽ ഒരു പോക്കിരിച്ചെക്കൻ ഒളിച്ചിരിക്കുന്നുണ്ടോ എന്ന്. ഇല്ല. ഒട്ടുമില്ല.

Written by

-ഹുന്ദ്രാപ്പി ബുസാട്ടോ

MORE FROM RADIO SUNO