28.6 C
Doha
Friday, September 17, 2021

വായനശാല – പ്രണയ വേദം

വായനശാല – പ്രണയ വേദം

അവളോട് പലതും പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല….

ലാവണ്ടർ പൂക്കളുടെ സുഗന്ധം പരത്തി സ്‌കൂൾ വരാന്തയിലൂടെ ഒരു തെന്നലിനെപ്പോലെ അവൾ ഒഴുകിപ്പോയ ആദ്യ സമാഗമം…
ഇടംകണ്ണിട്ട് തന്നെ നോക്കി കൂട്ടുകാരോടുമൊത്ത് നടന്നകന്നപ്പോൾ, തന്നോട് സ്നേഹമുണ്ടെങ്കിൽ അവൾ തിരിഞ്ഞുനോക്കുമെന്ന് ചിന്തിച്ച് അസ്വസ്ഥമായത്…
കോളേജ് മാഗസിൻ കൈമാറുമ്പോൾ അവളുടെ നീണ്ട, കൂർത്ത നഖമുള്ള കൈവിരലുകളിൽ തൊട്ടത്…
ഒരിക്കൽമാത്രം അവളുടെ പനിനീർച്ചുണ്ടുകളിൽ ഉന്മത്തമായി ചുംബിച്ചപ്പോൾ പരിഭവിച്ച് തന്റെ കാതിൽ നഖങ്ങളാഴ്ത്തിയത്…
അങ്ങിനെയങ്ങിനെ…

അയാൾ എഴുന്നേറ്റു…
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവൾ അവന്റെ മുണ്ടിന്റെ അറ്റത്ത് മുൾവിരൽകൊണ്ട് പിടിച്ചു വലിച്ചു, ‘ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കെടാ…’
‘ഇല്ല പെണ്ണേ… ഈ പകലിന്റെ അസ്തഗമനത്തിന് മുമ്പ് പോയേ തീരൂ…
‘അൽപ്പനേരം കടൽക്കരയിൽ തനിച്ചിരിക്കണം… ഓർമ്മകൾ ചുട്ടുപൊള്ളുന്ന വ്രണങ്ങൾക്കുമേൽ ഇത്തിരി നനവുള്ള ഉപ്പുകാറ്റ് പുരട്ടണം.
പരദേശിത്തിരകൾ താളത്തോടെ ചൊല്ലിത്തരുന്ന നാടോടിക്കഥകൾ കേട്ട് മതിമറന്നിരിക്കണം, അഗാധ പ്രണയങ്ങളുടെ ഒപേരാ സിംഫണികൾ കേട്ട് താളം തെറ്റിയ മനസ്സിന്റെ ശ്രുതി ചേർത്തു വെയ്ക്കണം അടുത്ത ആണ്ടുവരേയ്ക്കും!’
അവളുടെ റോസാദള വദനത്തിൽ തലോടി അയാൾ ആർദ്രനായി
‘പോട്ടെ…?’
അവൾ മുഖം കുനിച്ചു.
അയാളുടെ കാൽവണ്ണയിൽ അവൾ നഖാഗ്രം കൊണ്ട് പതിയെയൊന്നമർത്തി.
‘ഔ…’ പതിവുപോലെ അൽപ്പം വേദനിച്ചെങ്കിലും അയാൾ ചിരിച്ചുകൊണ്ട് പിറകിലേക്കി നോക്കി.
‘വർഷങ്ങൾക്ക് ശേഷവും നിനക്കൊരു മാറ്റവുമില്ലല്ലോയെന്റെ കുറുമ്പീ…’

അവളെ തനിച്ചാക്കി, തിരിഞ്ഞുനോക്കാതെ, അകലെ കടൽക്കരയിലേയ്ക്ക് അയാൾ നടന്നു.

തിരകൾ ആവേശത്തോടെയാർത്തുവന്ന് കരയിൽ പതഞ്ഞൊഴുകി – ആരെയോ തിരയുകയാണ് – കാമുകൻ തിരകൾ കാമുകിമാരെയും, കാമുകിത്തിരകൾ കാമുകന്മാരെയുമായിരിക്കും – നിരാശരായി, വിഷാദം അടക്കിപ്പിടിച്ച മന്ത്രണത്തോടെ കടലിലേയ്ക്കുതന്നെ ഉൾവലിയുന്നു.
യുഗാന്തരങ്ങൾക്കപ്പുറവും പ്രത്യാശയ്ക്കൊരു പോറലുപോലുമേൽക്കാതെ അവർ തിരയുകയാണ്!

അയാൾക്ക് പിറകിൽ, വിളക്കുമാടം ജീവച്ഛവമായി നിവർന്നു കിടക്കുന്ന ശ്മശാനത്തെ സാരംഗസന്ധ്യ ഒരു ഓയിൽ പെയിന്റിങ്ങുപോലെ തുടിപ്പുള്ളതാക്കി:

അവളുടെ ശവക്കല്ലറയ്ക്ക്  ചാര നിറമായിരുന്നു…
അവളുടെ തലയ്ക്കുമേൽ അവൻ നട്ടുപിടിപ്പിച്ച റോസാച്ചെടിയുടെ ഇലകൾക്കും, മുള്ളുകൾക്കും, കടുംപച്ച നിറമായിരുന്നു…
ആണ്ടിലൊരിക്കൽ അവനുവേണ്ടി മാത്രം വിരിയുന്ന റോസാപ്പൂവിന് അവളുടെ മുഖം പോലെ റോസ് നിറമായിരുന്നു…

 

Written By

Jayaprakash Vishwanathan