അച്ഛനെന്ന തണൽ വൃക്ഷം

പ്രവാസത്തിന്റെ വിരസമായ മറ്റൊരു പ്രഭാതം കൂടി പൊട്ടി വിടരുമ്പോൾ ബെഡ്റൂമിലെ എസി യുടെ ഇളം തണുപ്പിന്റെ ആലസ്യത്തിൽ കമ്പിളിയെയും തലയിണയേയും ഉടുമുണ്ടിനെയും ഒരു കമ്പവലിക്കാരന്റെ ശക്തിയോടെ ചേർത്തടുപ്പിക്കുമ്പോൾ, മനസ്സിൽ, പണി കണ്ടുപിടിച്ചവനെ ഒന്നല്ല ഒരായിരം തവണ പ്രാകി വീണ്ടും ഉറക്കത്തിലേക്കു മുങ്ങാം കുഴി ഇടുമ്പോൾ, ഒരേ ഒരു പ്രാർത്ഥന മാത്രം പടച്ചോനെ ഏഴരയുടെ അലാറം ഒരുമണിക്കൂർ താമസിച്ചടിച്ചാൽ മതിയായിരുന്നു എന്ന്.

എന്റെ പ്രാർത്ഥന ഫലം കണ്ടില്ലെന്നു മാത്രമല്ല അതിനൊരു എട്ടിന്റെ പണിയെന്നോണം അലാറത്തിനു മുന്നേ എഴുനെല്കുന്ന എന്റെ റൂമിലെ തന്നെ കൊല്ലം കാരൻ കുരിപ്പ് അച്ചായൻ (ചാൾസ് ) കാലത്തെ മുബൈലും കുത്തി വീട്ടിൽ വിളിച്ചു സാധകം തുടങ്ങിയിരുന്നു. അല്ലേലും ഈ അച്ചായൻ മാരെ കൊണ്ട് മ്മള് മാപ്ലാര്ക്കു വല്യ ശല്യമാണെന്ന പതിവ് പല്ലവിയോടെ പുതപ്പിനുള്ളിലൂടെ തല പുറത്തിട്ട് നോക്കി നീട്ടി വിളിച്ചു “ചായാ” ഒട്ടും താമസിക്കാതെ “അതേയ് കണ്ട മാപ്ലാര്ക്കു ചായ ഇട്ടു കൊടുപ്പല്ല എന്റെ പണി അതിനന്റെ ബാപ്പാനെ വിളി”യെന്ന ഉത്തരം കൂടി കിട്ടിയപ്പോൾ ഇന്നത്തെ തുടക്കം ഗംഭീരം . പക്ഷെ ചാൾസേട്ടൻ മുത്താണ്. സ്വന്തം ഉമ്മച്ചി പോലും കണ്ണ് തുറക്കും മുന്നേ ബെഡിനടുത്തു ചായ കൊണ്ട് തന്നിട്ടില്ല.

പതിവ് പല്ലുതേപ്പ് കഴിഞ്ഞു വന്നു കിളികളുടെ മെസേജുകൾ തിരയുന്ന എന്റെ ശ്രദ്ധയിൽ അച്ഛനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ പെണ്ണിന്റെ കഥ കടന്ന് വന്നു. അല്ലെങ്കിലും ആവശ്യമുളളതും ഇല്ലാത്തതും എല്ലാം കൊണ്ട് വന്നു കുന്നു കൂട്ടുന്ന ഒരു സ്ഥലമല്ലേ എഫ്‌ബി. മോന്തബുക്കിൽ നിന്നും കണ്ണെടുത്തപ്പോൾ മുന്നിൽ, വാട്സ്ആപ് വീഡിയോ കോളിൽ മകളെ തിമിർത്തു കളിപ്പിക്കുന്ന അച്ചായൻ ഇടക്ക് വച്ച് കളി മതിയാക്കി പെട്ടെന്ന് സൈലന്റ് മോഡിട്ടു മൂങ്ങയെ പോലിരിപ്പായി.

“എന്താ ഡോ കിളവാ? കഴിഞ്ഞോ ഇന്നത്തെ കോപ്രായം” എന്ന് ചോദിച്ചപ്പോൾ പതിവിനു വിപരീതമായി വെറും വയറ്റിൽ സെന്റി.

“ഡാ ഞാനേയ് ഇനി വീഡിയോക്കോൾ ചെയ്യില്ലെന്നു തീരുമാനിച്ചു” കണ്ണിൽ നിറയുന്ന കാർമേഘം ഞാൻ കാണാതിരിക്കാൻ പാടുപെട്ടു കൊണ്ട് അച്ചായൻ പറഞ്ഞു.

രംഗം ഒന്നു ശാന്തമാക്കാൻ വേണ്ടി ഞാൻ ചോദിച്ചു “ന്തെ ഈ മോന്ത കണ്ടു മോള്‌പേടിച്ചൊ?”
“അല്ലേടാ മോൾ എന്നെ നോക്കി കൈ നീട്ടുവാ പപ്പായെടുക്കെന്നു വിളിച്ചു അതെന്തോ കേട്ടപ്പോ മനസൊന്നു പാളി”. ശബ്ദമൊന്നു ഇടറിക്കൊണ്ട് കണ്ണുകൾ ഞാൻ കാണാതെ തുടച്ചു അച്ഛയൻ കുളിക്കാൻ ഇറങ്ങിപ്പോയി.

എന്തോ ആ സംസാരം എന്നെ വല്ലാതെ ഉലച്ചു. രാവിലെ വായിച്ച അച്ഛനെ ഉപേക്ഷിച്ചോടിയ മകളെ കുറിച്ചായി പിന്നീട് ചിന്ത. ഒരച്ഛന്റെ ഉള്ളിലെ സ്നേഹത്തിന്റെ നേർകാഴ്ച മനസ്സിൽ ഇങ്ങനെ തളം കെട്ടി നിൽക്കുന്ന നേരത്തു എങ്ങനെ ഈ ഒരു നന്ദി കേടു കാണിക്കാൻ മക്കൾക്ക് തോന്നുന്നുയെന്നോർത്തു മനസ്സാകെ അസ്വസ്ഥമായി. എന്നും അമ്മയെന്ന മാഹാത്മ്യത്തെ എടുത്തു പറയുമ്പോളും അച്ഛനെന്ന ത്യാഗത്തിന്റെ കാര്യം പലരും മറന്നുപോകുന്നു. വികാരങ്ങളെ നിലവിളിയായി പുറത്തു കാണിക്കുന്ന അമ്മയേക്കാൾ ഉള്ളിൽ നെഞ്ച് പൊട്ടി അലമുറയിടുന്ന അച്ഛന്റെ സ്നേഹം പലപ്പോഴും കാണാതെ പോവുന്നു.

പ്രകടിപ്പിക്കാത്ത സ്നേഹത്തേക്കാൾ ഇപ്പോഴും വാഴ്ത്തിപ്പാടുക പ്രകടിപ്പിക്കപ്പെടുന്ന സ്നേഹമായിരിക്കും.

MORE FROM RADIO SUNO